ചട്ടമ്പി സ്വാമികള്‍
--------------------------------------------------------
കേരളത്തിലെ മത പരിഷ്കരണ പ്രസ്ഥാനത്തിന് സാമൂഹിക ഭാവവും പ്രായോഗിക ഗതിക്രമവും സമ്മാനിച്ച മഹത് വ്യക്തിത്വങ്ങളായി ചട്ടമ്പി സ്വാമിയേയും ശ്രീ നാരായണ ഗുരുവിനേയും ചരിത്രം വിലയിരുത്തുന്നു.
പഴയ തിരുവിതാംകൂറില്‍ തിരുവനന്തപുരം ജില്ലയില്‍ കണ്ണമൂലയ്ക്കടുത്ത് കൊല്ലൂരില്‍ 1853 ആഗസ്റ്റ് 25ന് ചട്ടമ്പി സ്വാമികള്‍ ജനിച്ചു. പിതാവ് മാവേലിക്കര സ്വദേശി വാസുദേവശര്‍മ. മാതാവ് കൊല്ലൂര്‍ സ്വദേശി നങ്ങമ്മ .
ചട്ടമ്പി സ്വാമികളുടെ ബാല്യകാല നാമം അയ്യപ്പന്‍ എന്നായിരുന്നു. കുഞ്ഞന്‍ എന്നായിരുന്നു ഓമനപ്പേര്. പിലക്കാലത്ത് കുഞ്ഞന്‍പിള്ള എന്നും അറിയപ്പെട്ടു.
പേട്ടയിലെ രാമന്‍പിള്ള ആശാന്റെ പാഠശാലയില്‍ വിദ്യാര്‍ഥി ആയിരിക്കെ ക്ലാസിലെ ചട്ടമ്പി അഥവാ മോണിറ്റര്‍ ആയി നിയോഗിക്കപ്പെട്ടു . ഇത് പിന്കാലത്ത് ചട്ടമ്പി സ്വാമികള്‍ എന്ന പേരിനു കാരണമായി.
സ്വപ്രയത്നം മൂലം മലയാളം, തമിഴ് , സംസ്കൃതം എന്നീ മൂന്നു ഭാഷകളിലും അദ്ദേഹം പാണ്ഡിത്യം നേടി. കണക്ക് , ആയുര്‍വേദം, ജ്യോതിഷം, യോഗം, മര്‌മവിദ്യ , വേദാന്തം, സംഗീതം, ചിത്രരചന, സാഹിത്യം, ചരിത്രം എന്നിങ്ങനെ വിവിധ വിഷയങ്ങളിലും അഗാത ജ്ഞാനം നേടിയ അദ്ദേഹം ഒരു സര്‍വ വിജ്ഞാനകോശം തന്നെയായിരുന്നു.
24ആം വയസ്സില്‍ ചട്ടമ്പി സ്വാമികള്‍ ദേശാടനത്തിന് ഇറങ്ങി. ദക്ഷിണേന്ത്യ മുഴുവന്‍ ചുറ്റി സഞ്ചരിച്ചു. ആ സഞ്ചാരത്തിനിടയില്‍ പ്രസിദ്ധരായ പല ഋഷികളെയും പരിചയപ്പെടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഹൈന്ദവ ദര്‍ശനങ്ങളിലും അതോടൊപ്പം ക്രിസ്തുമതം, ഇസ്ലാം എന്നീ മതങ്ങളിലെ തത്ത്വ സംഹിതകളിലും അദ്ദേഹം പാണ്ഡിത്യം നേടി.പിന്നീട് ഷണ്മുഖദാസന്‍ എന്ന പേരില്‍ സന്യാസം സ്വീകരിച്ചു. വിജ്ഞാനത്തിന്റെ ഖനിയായിരുന്ന ചട്ടമ്പി സ്വാമികളെ ജനം വിദ്യാധിരാജന്‍ എന്ന് വിളിച്ചു.
തിരുവനന്തപുരത്ത് തിരികെ എത്തിയ അദ്ദേഹം അയിത്തം,തിരണ്ടുകുളി, താലികെട്ട് കല്യാണം, ബ്രാഹ്മണ മേധാവിത്വം , പ്രാകൃതമായ ചടങ്ങുകള്‍ , അനാചാരങ്ങള്‍ എന്നിവയ്ക്കെതിരെ ചട്ടമ്പി സ്വാമികള്‍ പ്രതികരിച്ചു. ജാതി സമ്പ്രദായത്തെ ശക്തമായി എതിര്‍ത്ത അദ്ദേഹം അദ്വ്യെത ദര്‍ശനം പ്രചരിപ്പിക്കുകയും ചെയ്തു. നായര്‍ സമുദായത്തില്‍ നവോത്ഥാനത്തിന്റെ വിത്തുകള്‍ പാകാന്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ആയി.
സസ്യ ഭക്ഷണവും അഹിംസയും പ്രചരിപ്പിച്ച ആദ്ദേഹം ആത്മീയത ,ചരിത്രം, ഭാഷ തുടങ്ങിയ വിഷയങ്ങളില്‍ ഗ്രന്ഥങ്ങള്‍ രചിച്ചു.തമിഴ്നാട്ടിലെ വടിവീശ്വരം എന്ന സ്ഥലത്ത് വച്ചാണ് ചട്ടമ്പി സ്വാമികള്‍ക്ക് ആത്മീയജ്ഞാനം കൈവന്നത്.
വാമന പുരത്തിനടുത്തു അണിയൂര് ക്ഷേത്രത്തില്‍ വച്ച് ചട്ടമ്പി സ്വാമികള്‍ മറ്റൊരു അവധൂതനായ ,പില്‍ക്കാലത്ത് ശ്രീ നാരായണഗുരു എന്നറിയപ്പെട്ട നാണു ആശാനെ കണ്ടുമുട്ടി. ചിരകാലം നീണ്ട ഐക്യത്തിന് തുടക്കം, ഏറെ ഇടങ്ങളില്‍ ഒരുമിച്ച് സഞ്ചരിച്ചു.ചട്ടമ്പി സ്വാമികള്‍ തന്റെ ഗുരുവായ തൈക്കാട് അയ്യായുടെ സമീപത്തേക്ക് നാണു ആശാനെ കൂട്ടികൊണ്ട് പോയി പരിചയപ്പെടുത്തി.
ചട്ടമ്പി സ്വാമികള്‍ക്കൊപ്പമാണ് അരുവിപ്പുറത്തേക്ക് നാണു ആശാന് ആദ്യമായി പോയത്. അവിടമാണ് നാണു ആശാന്‍ ധ്യാനത്തിനും ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കും തിരഞ്ഞെടുത്തത്.
കേരള ഗാനത്തിന്റെ കര്‍ത്താവ് ബോധേശ്വരന്‍ (പ്രശസ്ത കവയത്രി സുഗതകുമാരിയുടെ അച്ഛന്‍ ,യഥാര്‍ത്ഥ പേര് കേശവന്‍ പിള്ള) , കോണ്ഗ്രസ് നേതാവ് കുമ്പളത്ത് ശങ്കുപ്പിള്ള , പെരുനെല്ലി കൃഷ്ണന്‍ വൈദ്യര്‍ എന്നിവര്‍ ചട്ടമ്പി സ്വാമികളുടെ ഗൃഹസ്ഥാശ്രമികളായ ശിഷ്യര്‍ ആയിരുന്നു.
ചട്ടമ്പി സ്വാമികളുടെ ശിഷ്യരില്‍ പ്രധാനിയാണ് നീലകണ്ഠതീര്‍ത്ഥപാദര്‍ .
1924 ആഗസ്റ്റ് 5ന് കൊല്ലം ജില്ലയിലെ പന്മനയില് ചട്ടമ്പി സ്വാമികള്‍ സമാധിയായി. ചട്ടമ്പി സ്വാമികളുടെ സമാധി സ്ഥലത്ത് ശിഷ്യര്‍ പണികഴിപ്പിച്ചതാണ് ബാലഭട്ടാരകക്ഷേത്രം .കാഷായവും കമണ്ഠംലുവും ഇല്ലാത്ത സന്യാസി എന്നറിയപ്പെട്ടത് ഇദ്ദേഹമാണ്.
No comments:
Post a Comment